വല്ലപ്പുഴ (പട്ടാമ്പി): ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. വല്ലപ്പുഴ ഹയര്‍  സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി.  യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്നായി ആറായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.



കൗമാര കലാവസന്തം പൊട്ടിവിടരുന്ന മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് വല്ലപ്പുഴ. ഗ്രാമങ്ങളില്‍ ഏറെയൊന്നും എത്തിനോക്കാത്ത ജില്ലാ സ്കൂള്‍ കലോത്സവം വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏറ്റെടുത്തത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. പ്രതിഭകളെയും അധ്യാപകരെയും രക്ഷിതാക്കളെയും കലാ പരിശീലകരെയും ഉള്‍ക്കൊള്ളാന്‍ വല്ലപ്പുഴ എന്ന ഉള്‍നാടന്‍ ഗ്രാമത്തിന് പ്രയാസപ്പെടേണ്ടിവരുമെങ്കിലും വെല്ലുവിളികളോടെ ഏറ്റെടുക്കുകയായിരുന്നു. മൂന്ന് വിദ്യാലയങ്ങളിലായാണ് മത്സര വേദികളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്. വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രധാന വേദിയടക്കം ഒന്ന് മുതല്‍ ഏഴുവരെ തുറന്ന വേദികളും വല്ലപ്പുഴ എ.എം.എല്‍.പി സ്കൂളില്‍ എട്ടും ഒമ്പതും വേദികളും ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്ത് മുതല്‍ 14 വരെ വേദികളും സജ്ജീകരിച്ചു.

ജനറല്‍, അറബി, സംസ്കൃതം, തമിഴ് വിഭാഗങ്ങളില്‍ 150 ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കും. 12 ഉപജില്ലകളില്‍നിന്ന് പോരാടി ജയിച്ച വീര്യവുമായാണ് കൗമാര പ്രതിഭകള്‍ പൊരുതുക. കലാപ്രതിഭ-തിലക കിരീടങ്ങളില്ളെങ്കിലും ആവേശത്തിന് ഒട്ടും കുറവു വരില്ളെന്നാണ് മുന്‍കാല അനുഭവമെന്ന് സംഘാടകര്‍ പറയുന്നു. ഒൗപചാരിക ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാലിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരത്തിന് തുടക്കം കുറിക്കും.
 5000 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഭക്ഷണപ്പുര ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലാണുള്ളത്.

പരിമിതികള്‍ക്കകത്തുനിന്ന് കലോത്സവത്തെ വിജയിപ്പിക്കാനാവുമെന്ന പ്രത്യാശയിലാണ് സി.പി. മുഹമ്മദ് എം.എല്‍.എ ചെയര്‍മാനും ഡി.ഡി.ഇ വി. രാമചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘം.